പുതിയൊരു സർക്കാർ സംസ്ഥാനത്ത് അധികാരത്തിലേറുമ്പോൾ ക്രൈസ്തവ സമുദായത്തെക്കുറിച്ച് ചില കാര്യങ്ങൾ ഓർമപ്പെടുത്തേണ്ടതായിട്ടുണ്ട്. തികച്ചും നീതിയുക്തവും, ന്യായവുമായ ആവശ്യങ്ങൾ മാത്രമാണ് സമുദായത്തിന് മുന്നോട്ടുവയ്ക്കാനുള്ളത്. അതിൽ പലതും പൊതുസമൂഹത്തെതന്നെ ബാധിക്കുന്നവയാണ്.
ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട്
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുവേളയിലാണ് ക്രൈസ്തവരുടെ പിന്നാക്കാവസ്ഥയെ കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ രൂപീകൃതമായത്. എന്നാൽ, റിപ്പോർട്ട് സമർപ്പിച്ച് മൂന്നുവർഷം കഴിഞ്ഞ് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആരവമുയർന്നപ്പോഴാണ് ഇതുസംബന്ധിച്ച രേഖകൾ പ്രസിദ്ധീകരിക്കാൻപോലും സർക്കാർ തയാറായത്. ഇതിനിടയിൽ പല ശിപാർശകളും നടപ്പാക്കി എന്ന അവകാശവാദങ്ങൾ നിയമസഭയിൽ പോലും ഉന്നയിക്കാൻ സർക്കാർ തയാറായി. ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് സമുദായ നേതൃത്വങ്ങളുമായി ചർച്ച ചെയ്ത് ഫലപ്രദമായി നടപ്പിലാക്കിയാൽ മാത്രമേ ഇത് സമുദായത്തിനും സമുദായംഗങ്ങൾക്കും ഗുണകരമാകൂ എന്നതിനാൽ പുതിയ സർക്കാർ ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.
ഇഡബ്ല്യുഎസ് മാനദണ്ഡങ്ങൾ കാലോചിതമാകണം
സംവരണേതര വിഭാഗങ്ങൾക്ക് ഏർപ്പെടുത്തിയ ഇഡബ്ല്യുഎസ് സംവരണം മറ്റു സമുദായങ്ങൾക്ക് എന്ന പോലെ ക്രൈസ്തവ സമുദായത്തിനും ഏറെ പ്രതീക്ഷകൾ നൽകുന്നതാണ്. എന്നാൽ, ഈ സംവരണാനുകൂല്യങ്ങൾ അർഹരായവർക്ക് ലഭ്യമാകാത്ത സാഹചര്യമുണ്ട്. ഉദാഹരണത്തിന് ഒബിസി വിഭാഗത്തിൽപ്പെട്ട ഒരു കുടുംബത്തിന് സംവരണാനുകൂല്യം ലഭ്യമാകുന്നതിന് ശമ്പളം, കാർഷിക വരുമാനം, എന്നിവയ്ക്ക് പുറമേ എട്ടു ലക്ഷം രൂപയാണ് വാർഷിക വരുമാന പരിധി. എന്നാൽ, ഇഡബ്ലുഎസ് സംവരണാനുകൂല്യം ഒരു കുടുംബത്തിന് ലഭ്യമാകണമെങ്കിൽ, എല്ലാ വരുമാനങ്ങളും ഉൾപ്പെടെ ഒരു കുടുംബത്തിന് വാർഷിക വരുമാനം നാല് ലക്ഷം രൂപ മാത്രമേ ആകാവൂ. ഇപ്രകാരമുള്ള മാനദണ്ഡങ്ങളിൽ കാലോചിതമായ മാറ്റങ്ങൾ വേണം എന്ന ആവശ്യം ഇതുവരെയും സർക്കാർ പരിഗണിച്ചിട്ടില്ല. മൂന്നുവർഷം കൂടുമ്പോൾ ഈ മാനദണ്ഡങ്ങൾ പുതുക്കി ക്രമീകരിക്കണം എന്ന് നിയമത്തിൽത്തന്നെ വ്യവസ്ഥയുണ്ടായിരിക്കേ, ആയതിന് തയാറാകാത്ത സർക്കാർ നടപടി അംഗീകരിക്കാനാവില്ല.
ന്യൂനപക്ഷ വിഭാഗങ്ങൾക്ക് അനുവദിച്ചു നൽകുന്ന കേന്ദ്ര-സംസ്ഥാന സർക്കാർ ഫണ്ടുകളും ആനുകൂല്യങ്ങളും 80 % ഒരു വിഭാഗത്തിനും, ബാക്കിവരുന്ന 20 % മറ്റെല്ലാ വിഭാഗങ്ങൾക്കും എന്ന സർക്കാർ ഉത്തരവ് തികച്ചും ന്യായരഹിതമാണ്. വിവേചനപരമായ ഈ ഉത്തരവ് ഹൈക്കോടതി റദ്ദ് ചെയ്യുകയും എല്ലാ ന്യൂനപക്ഷ വിഭാഗങ്ങൾക്കുമായി ജനസംഖ്യാനുപാതികമായി ഈ ഫണ്ട് വിനിയോഗിക്കണമെന്ന് ഉത്തരവിടുകയും ചെയ്തു. ഈ ഉത്തരവിനെതിരേ സുപ്രീംകോടതിയിൽ അപ്പീൽ ബോധിപ്പിച്ച സംസ്ഥാന സർക്കാർ നടപടി ആശ്ചര്യകരമാണ്. ഇപ്രകാരമുള്ള വിഷയങ്ങളിൽ പുതിയ സർക്കാർ നിഷ്പക്ഷവും നീതിപൂർവവുമായ നടപടി സ്വീകരിക്കുമെന്ന പ്രത്യാശ ക്രൈസ്തവ സമുദായത്തിനുണ്ട്.
ന്യൂനപക്ഷ കമ്മീഷനും ന്യൂനപക്ഷ വകുപ്പും
കേരളത്തിൽ ന്യൂനപക്ഷ കമ്മീഷൻ രൂപീകൃതമായതിനുശേഷം, അതിന്റെ അധ്യക്ഷപദവിയിൽ വന്നത് ഒരേ ന്യൂനപക്ഷ വിഭാഗത്തിൽനിന്നുള്ള വ്യക്തികളാണ്. ഈ രീതി തന്നെ തുടരുന്നതിന് ചട്ട ഭേദഗതിയും കൊണ്ടുവന്നു. കൂടാതെ, ന്യൂനപക്ഷ വകുപ്പ് മന്ത്രി ആയിരിക്കുന്നതും മിക്കവാറും ഇതേ സമുദായത്തിൽപ്പെട്ടവർ തന്നെയാണ്. മുന്നാക്ക സമുദായ കമ്മീഷന്റെ കാര്യം പരിശോധിച്ചാലും അതിന്റെ തലപ്പത്ത് ഇതുവരെ നിയമിതരായിട്ടുള്ളത് മറ്റൊരു സമുദായത്തിൽപ്പെട്ട ആളുകൾ മാത്രമാണ്. അർഹതപ്പെട്ട സ്ഥാനങ്ങളും അംഗീകാരങ്ങളും എല്ലാ സമുദായങ്ങൾക്കും നൽകണം എന്നുതന്നെയാണ് ക്രൈസ്തവ സമുദായത്തിന്റെ നിലപാട്. സമുദായത്തിന്റെ കഴിഞ്ഞകാല സമീപനങ്ങളിലെല്ലാം ഈ വിശാലമായ നിലപാടുകൾ ദർശിക്കാനാകും. ഇക്കാര്യം നീതിപൂർവം പരിഗണിക്കപ്പെടും എന്ന പ്രതീക്ഷയും സമുദായത്തിനുണ്ട്.
വിദ്യാഭ്യാസമേഖലയിലെ അവഗണന
സംസ്ഥാനത്തെ വിദ്യാഭ്യാസമേഖലയിൽ ക്രൈസ്തവ സ്ഥാപനങ്ങളുടെ പങ്കാളിത്തവും പ്രാധാന്യവും ആർക്കും നിഷേധിക്കാൻ കഴിയില്ല. എന്നാൽ, കുറച്ചുകാലമായി അന്യായമായ നിയമനിർമാണങ്ങളിലൂടെയും നീതിരഹിതമായ സർക്കാർ ഉത്തരവുകളിലൂടെയും ക്രൈസ്തവ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെ കടന്നുപോവുകയാണ്. നിരന്തരം നിയമ നടപടികൾ സ്വീകരിച്ച് സ്ഥാപനങ്ങളുടെ സുഗമമായ നടത്തിപ്പിനുള്ള തടസങ്ങൾ ഒഴിവാക്കേണ്ട അവസ്ഥയാണുള്ളത്. ഭിന്നശേഷി അധ്യാപക സംവരണ നിയമനവുമായി ബന്ധപ്പെട്ട വിഷയം ഒടുവിലത്തെ ഉദാഹരണം മാത്രം. സർക്കാർ നിർവഹിക്കേണ്ട വിദ്യാഭ്യാസ പ്രക്രിയയിൽ സുപ്രധാന പങ്കുവഹിക്കുന്ന ഇത്തരം സ്ഥാപനങ്ങൾക്ക് നിർലോഭമായ പിന്തുണയും സഹായവും നൽകുന്നതിനു പകരം നിരന്തരമായ തടസങ്ങൾ സൃഷ്ടിച്ച് പ്രതിസന്ധികളിലേക്ക് തള്ളിവിടുന്ന ഈ പ്രവണത അവസാനിപ്പിക്കേണ്ടതാണ്. അല്ലെങ്കിൽ അത് സമുദായത്തോടുതന്നെയുള്ള വെല്ലുവിളിയായി കണ്ട് പ്രതിരോധിക്കാൻ സമുദായം നിർബന്ധിതരാകും.
സാമ്പത്തിക മാനേജ്മെന്റ്
സംസ്ഥാനത്തിന്റെ കടം നാൾക്കുനാൾ വർധിച്ചുകൊണ്ടിരിക്കുന്നു. വ്യക്തവും സുദൃഢവും ഭാവി ഭാസുരമാക്കുന്നതുമായ സാമ്പത്തിക മാനേജ്മെന്റ് ഇന്നിന്റെ ആവശ്യമാണ്. ധൂർത്തും കെടുകാര്യസ്ഥതയും ഇല്ലായ്മ ചെയ്യാനും ആവശ്യമായ മോണിറ്ററിംഗ് ഓരോ വകുപ്പിലും ഉണ്ടാകാനും വേണ്ട മുൻകരുതലുകൾ എടുക്കേണ്ടിയിരിക്കുന്നു.